3 Jun 2022

ഫാസിസവും നാസിസവും part3

ഫാഷിസത്തിന്റെ ജര്‍മന്‍ പതിപ്പാണ്‌ നാസിസം.

നാസി പാര്‍ട്ടിയുടെ നേതാവായ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ ജര്‍മനിയിൽ അധികാരത്തിലേറാന്‍ സഹായിച്ച ചില ഘടകങ്ങള്‍ നമുക്ക്‌ പരിചയപ്പെടാം.


1. ഒന്നാം ലോകയുദ്ധാനന്തരം ജര്‍മനിയുടെ മേൽ അടിച്ചേല്‍പ്പിച്ച വേഴ്സായ്‌ സന്ധി.

2. സാമ്പത്തികത്തകര്‍ച്ചയും പണപ്പെരുപ്പവും

3. ജര്‍മന്‍ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും.

തന്റെ സംഘാടനമികവും പ്രസംഗപാടവവും ഉപയോഗ പ്പെടുത്തി ജര്‍മന്‍കാരെ വളരെ വേഗം ആകര്‍ഷിക്കാന്‍ ഹിറ്റ്‌ലര്‍ക്കു കഴിഞ്ഞു.

നിലവിലിരുന്ന ഭരണകൂടത്തെ പുറ തള്ളിക്കൊണ്ട്‌ അധികാരത്തിലെത്തിയ ഹിറ്റലര്‍ നാസിസത്തിന്റെ പ്രധാന ശത്രുക്കളായ സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും ജൂതരെയും ജനാധിപത്യവാദികളെയും കൊന്നൊടുക്കി.

ജര്‍മനിക്കുണ്ടായ അപമാനങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ഉത്തരവാദികൾ ജൂതരാണെന്ന്‌ ഹിറ്റലര്‍ ആരോപിച്ചു. പ്രത്യേകം തയാറാക്കിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ വച്ച്‌ ജൂതരെ കൂട്ടക്കൊല ചെയ്തു.

ഇത്‌ ഹോളോകാസ്റ്റ്‌  എന്നറിയപ്പെടുന്നു.

ഇതിനായി 'തവിടുകുപ്പായക്കാര്‍' എന്ന സൈന്യത്തിനും 'ഗസ്റ്റപ്പൊ' എന്ന രഹസ്യസംഘത്തിനും രൂപംനല്‍കി.

ആര്യന്മാരാണ്‌ ലോകത്തിലെ പരിശുദ്ധവംശമെന്നും ലോകം ഭരിക്കേണ്ടതെന്നും ജര്‍മന്‍കാര്‍ ആര്യരാണെന്നും ഹിറ്റലര്‍ അഭിപ്രായപ്പെട്ടു. നാസി പാര്‍ട്ടി ഒഴികെയുള്ള മറ്റു പാര്‍ട്ടികളെ നിരോധിച്ചു. തൊഴിലാളിസംഘടനകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി.

ജനങ്ങള്‍ക്ക്‌ സൈനികസേവനം നിര്‍ബന്ധമാക്കി.

വേഴ്സായ്‌ സന്ധിയിലെ വ്യവസ്ഥകള്‍ക്കെതിരെ ജനങ്ങളില്‍ പ്രതികാര മനോഭാവം വളര്‍ത്തിയെടുത്തു.


പത്രം, സിനിമ, റേഡിയോ, വിദ്യാഭ്യാസം തുടങ്ങിയവയെ ആശയപ്രചാരണത്തിന്‌ ഉപയോഗിച്ചു. ജനങ്ങളുടെ മനസ്സിലെ പ്രതികാരമനോഭാവം ചൂഷണം ചെയ്ത ഹിറ്റ്ലർ 
ആക്രമണപരമായ ഒരു വിദേശനയം സ്വീകരിച്ചു.

ആസ്ട്രിയ, ചെക്കോസ്ലോവാക്യ തുടങ്ങിയ രാഷ്ട്രങ്ങളെ ആക്രമിച്ചു.

ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന്‌ സൈനികസഖ്യം രൂപികരിച്ചു.


ഹിറ്റ്‌ലറുടെ ഈ നയത്തിനെതിരായി മറ്റ്‌ രാജ്യങ്ങള്‍ സഖ്യങ്ങളുണ്ടാക്കുകയും അത്‌ മറ്റൊരു ലോകയുദ്ധത്തിനു കാരണമാവുകയും ചെയ്തു.


No comments: