18 Jun 2022

ടോക്യോ ഒളിമ്പിക് (Tokyo Olympics For Kerala PSC) Part 5

ടോക്കിയോയില്‍ ഏഴഴകിൽ ഭാരതം, അഭിമാനമായി മെഡല്‍ താരകങ്ങൾ 

ലോകം മുഴുവന്‍ ആവേശവും ആഹ്ലാദവും നിറച്ച്‌ 17 ദിനരാത്രങ്ങളുമായി ഉദയസൂര്യന്റെ നാട്ടിൽ ഉദിച്ചു നിന്ന ടോക്കിയോ ഒളിമ്പിക്‌സിന്‌ ശുഭപര്യവസാനം.

കോവിഡ്‌ മഹാമാരിതീര്‍ത്ത വെല്ലുവിളികള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ പുതിയ വേഗവും ഉയരവും കരുത്തും തെളിയിച്ച്‌ മാനവ സമൂഹത്തിന്റെ അതിജീവന ചരിത്രത്തിന്‌ അടിവരയിട്ടും വിവിധ രാജ്യങ്ങളിലെ താരങ്ങള്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നമുക്ക്‌ സമ്മാനിച്ചു.

അവസാന ലാപ്പില്‍ ഓടിക്കയറി അമേരിക്ക 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമായി ടോക്കിയോ ഒളിമ്പിക്‌സിന്റെ മെഡല്‍ പട്ടികയിൽ ഒന്നാമതെത്തിയപ്പോള്‍, ചൈന 38 സ്വർണ്ണവുമായി രണ്ടാം സ്ഥാനത്തും 27 സ്വര്‍ണ്ണവുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമെത്തി കരുത്ത്‌ തെളിയിച്ചു.

ഒളിമ്പിക്സ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയാണ്‌ ഇന്ത്യ നടത്തിയത്‌.


ഒരു സ്വര്‍ണ്ണവും രണ്ട്‌ വെള്ളിയും 4 വെങ്കലവുമായി 7 മെഡലുകളാണ്‌ ഇത്തവണ ഇന്ത്യ നേടിയത്‌.


അത്ലറ്റിക്സില്‍ ആദ്യമായി സ്വര്‍ണ്ണ മെഡൽ, 41 വര്‍ഷത്തിനുശേഷം പുരുഷ ഹോക്കിയിൽ മെഡൽ നേട്ടം എന്നിങ്ങനെ അഭിമാന നേട്ടങ്ങളോടെയാണ്‌ ഭാരതവും ടോക്കിയോ ഒളിമ്പിക്‌സ്‌ അവിസ്മരണീയമാ ക്കിയത്‌.

ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിലെ ഗോൾകീപ്പർ പി ആര്‍ ശ്രീജേഷിലൂടെ 49 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സില്‍ കേരളവും തിളങ്ങിനിന്നു.

നീരജ് ചോപ്ര(ജാവലിൻ ത്രോ, സ്വർണം )

“ഇന്ത്യയുടെ ഒളിമ്പിക്സ്‌ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സില്‍ മെഡല്‍” എന്ന ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ്‌ അവസാനിപ്പിച്ചാണ്‌ ജാവലിന്‍ത്രോയില്‍ ഹരിയാനക്കാരനായ ഇരുപത്തിമുന്നുകാരന്‍ നീരജ്‌ ചോപ്ര സ്വര്‍ണ്ണം എറിഞ്ഞിട്ടത്‌.

 2008ല്‍ ഷൂട്ടി്താരം അഭിനവ്‌ ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഹരിയാനയിലെ പാനിപത്തില്‍നിന്നുള്ള ഈ പട്ടാളക്കാരന്‍.

ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ്‌ നീരജ്ചോപ്ര അഭിമാന നേട്ടം ഇന്ത്യയ്ക്ക്‌ സമ്മാനിച്ചത്‌.

അഞ്ചുവര്‍ഷംമുമ്പ്‌ അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോർഡോടെ സ്വര്‍ണ്ണംനേടിയ നീരജ്‌ ചോപ്രയുടെ മികച്ച ദൂരം 88.07 മീറ്ററാണ്‌.

ഇന്ത്യയുടെ കായികരംഗത്തിന്‌ കുതിപ്പും ഊര്‍ജ്ജവും  പകരുന്നതാണ്‌. ഈ സ്വര്‍ണ്ണനേട്ട൦.
2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2018 ഗോള്‍ഡ്കോസ്റ്റ്‌ കോമൺ വെല്‍ത്ത്‌ ഗെയിംസിലും സ്വർണ്ണം.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സൗത്ത്‌ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയിട്ടുള്ള നീരജ്‌ പലതവണ ദേശീയ റെക്കോര്‍ഡ്‌ പുതുക്കിയിട്ടുണ്ട്‌. 

ചരിത്രനഗരമായ പാനിപത്തില്‍നിന്ന്‌ 15 കി.മീ മാത്രം അകലെയുള്ള കാന്ദ്രയിലെ കൂട്ടുകുടുംബത്തിൽ പിറന്ന നീരജിന്റെ പിതാവ്‌ സതീഷ്‌കുമാര്‍ ഒരു കര്‍ഷകനാണ്‌.

അമ്മ സരോജ വീട്ടമ്മയും ഇന്ത്യന്‍ ആര്‍മിയില്‍ നായിക്‌ സുബേദാര്‍ റാങ്കിൽ ജൂനിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസറാണ്‌ നീരജ്‌ ചോപ്ര.






No comments: